Wednesday, March 25, 2009

MOIDU MOULAVI AWARD TO KAMAL


അക്ഷരം അവാര്‍ഡുകള്‍ സമ്മാനിച്ചു
കോഴിക്കോട്‌: മൊയ്‌തു മൗലവി സ്‌മാരക അക്ഷരം അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച സ്‌പോര്‍ട്‌സ്‌ റിപ്പോര്‍ട്ടര്‍ക്കുളള പുരസ്‌ക്കാരം ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍ മുന്‍ സംസ്ഥാന വനം മന്ത്രി അഡ്വ.എ സുജനപാലില്‍ നിന്നും ഏറ്റുവാങ്ങി. ചന്ദ്രിക സ്‌പോര്‍ട്ടിംഗ്‌ അറീനയില്‍ പ്രസിദ്ധീകരിച്ച ഒളിംപിക്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവ്‌ അഭിനവ്‌ ബിന്ദ്രയെക്കുറിച്ച്‌ ദി റിയല്‍ ഇന്ത്യന്‍ എന്ന ഡയരക്ട്‌്‌ ഡ്രൈവിലെ കോളമാണ്‌ കമാലിനെ അവാര്‍ഡിര്‍ഹനാക്കിയത്‌. വിവിധ മാധ്യമ പുരസ്‌ക്കാരങ്ങള്‍ ഹരിദാസന്‍ പാലയില്‍ (മംഗളം), പി.പത്‌നമാഭന്‍ നമ്പൂതിരി (കേരളാ കൗമുദി), ദീപക്‌ ധര്‍മ്മടം (അമൃത ടി.വി), സെബിന്‍ എസ്‌ കൊട്ടാരം (മലയാള മനോരമ) എം.കെ രമേഷ്‌ കുമാര്‍ (ജന്മഭൂമി), ശ്രീമനോജ്‌ കുമാര്‍ ടി.കെ (ഏ.സി.വി), സജീഷ്‌ തറയില്‍
(ജില്ലാ വാര്‍ത്തകള്‍), രമേഷ്‌ കോട്ടൂളി (ജനയുഗം), കെ.കെ സന്തോഷ്‌ (മാതൃഭൂമി), ബോബി സി മാത്യൂ, പ്രീത (ആകാശവാണി), സഗീര്‍ (മാധ്യമം), രാജേഷ്‌ മാങ്കാവ്‌ (സ്‌പൈഡര്‍ നെറ്റ്‌) എന്നിവര്‍ സ്വീകരിച്ചു. പ്രശസ്‌ത സേവനത്തിന്‌ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ ഓഫീസ്‌ സെക്രട്ടറി എം.ഉണ്ണികൃഷ്‌ണനെ ചടങ്ങില്‍ ആദരിച്ചു.
അക്ഷരം പ്രസിഡണ്ട്‌ അഡ്വ.എം രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരനും പ്രത്ര പ്രവര്‍ത്തകനുമായ യു.എ ഖാദര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. എ. സുജനപാല്‍ മുഖ്യാതിഥിയായിരുന്നു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി, മലയാള മനോരമ റസിഡന്‍ഡ്‌ എഡിറ്റര്‍ കെ.അബൂബക്കര്‍, അസിസ്‌റ്റന്‍ഡ്‌ എഡിറ്റര്‍ പി.ദാമോധരന്‍, പ്രമുഖ സ്‌പോര്‍ട്‌സ്‌ ലേഖകന്‍ ഭാസി മലാപ്പറമ്പ്‌, ഗായകന്‍ ഒ.അബൂട്ടി, എം.ഇ ബാലകൃഷ്‌ണ മാരാര്‍ എന്നിവര്‍ സംസാരിച്ചു.

ഹാപ്പി നേപ്പിയര്‍
നേപ്പിയര്‍: 1967,68- ഈ സീസണിന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ചരിത്രത്തില്‍ പ്രാധാന്യമുണ്ട്‌. ഇന്ത്യ ന്യൂസിലാന്‍ഡില്‍ വെച്ച്‌ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയ സീസണ്‍. 67 ന്‌ ശേഷം പലവട്ടം ഇന്ത്യന്‍ ടീം കിവി മണ്ണിലെത്തി. പക്ഷേ പരമ്പര സ്വന്തമാക്കി മടങ്ങാന്‍ കഴിഞ്ഞില്ല. 2003 ലായിരുന്നു അവസാന പര്യടനം. സൗരവ്‌ ഗാംഗുലി നയിച്ച അന്നത്തെ സംഘത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും സഹീര്‍ഖാനും വി.വി.എസ്‌ ലക്ഷമണുമെല്ലാമുണ്ടായിരുന്നു. പക്ഷേ ടെസ്‌റ്റ്‌ പരമ്പരയില്‍ മാത്രമല്ല ഏകദിന പരമ്പരയിലും ഇന്ത്യ തകര്‍ന്നു. തകര്‍ന്നുവെന്ന്‌ മാത്രമല്ല ഒരു മല്‍സരത്തിന്റെ രണ്ട്‌ ഇന്നിംഗ്‌സിലും 100 റണ്‍സ്‌ പോലും നേടാന്‍ കഴിയാത്ത രീതിയില്‍ അപമാനിതരായാണ്‌ ഗാംഗുലിയും സംഘവും മടങ്ങിയത്‌. പക്ഷേ ആ നാണക്കേടെല്ലാം മഹേന്ദ്രസിംഗ്‌ ധോണിയുടെ പുത്തന്‍ സംഘം ഇല്ലാതാക്കിയിരിക്കുന്നു. ഏകദിന പരമ്പര സ്വന്തമാക്കിയതിന്‌ പിറകെ ഹാമില്‍ട്ടണില്‍ നടന്ന ഒന്നാം ടെസ്റ്റിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ ചരിത്രത്തിലേക്കുളള യാത്രയിലാണ്‌. ഇന്ന്‌ ഇവിടെ മക്‌ലീന്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പര സ്വന്തം. 67 ലെ വിജയം മറന്ന്‌ 2009 നെ ഓര്‍മ്മിക്കാം. മല്‍സരം ജയിച്ചാല്‍ മറ്റൊരു സവിശേഷതയുണ്ട്‌-ഇന്ത്യയുടെ നൂറാം ടെസ്‌റ്റ്‌ വിജയമായിരിക്കുമത്‌. നൂറാം വിജയം സ്വായത്തമായാല്‍ ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ പിറകിലാക്കി രണ്ടാം സ്ഥാനവും സ്വന്തമാക്കാം.
ധോണിയുടെ സംഘത്തിന്‌ ഇന്ന്‌ ഭയപ്പെടാനുണ്ട്‌-പേസര്‍മാരെ തുണക്കുന്നതാണ്‌ പിച്ച്‌. ന്യൂസിലാന്‍ഡ്‌ കോച്ചിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ്‌ പേസ്‌ പിച്ച്‌ ഒരുക്കിയിരിക്കുന്നത്‌. ഇത്‌ പക്ഷേ തിരിഞ്ഞ്‌ കുത്തുമോ എന്ന ഭയം കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിക്കുണ്ട്‌. കാരണം കിവി സംഘത്തിലെ സീമര്‍മാരേക്കാള്‍ അപകടകാരികളാണ്‌ ഇന്ത്യന്‍ സംഘത്തിലെ സീമര്‍മാര്‍. ഹാമില്‍ട്ടണില്‍ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും മുനാഫ്‌ പട്ടേലും അരങ്ങ്‌ തകര്‍ത്തപ്പോള്‍ സ്‌പിന്നര്‍ എന്ന നിലയില്‍ വെട്ടോരിയെ എത്രയോ പിറകിലാക്കാന്‍ ഹര്‍ഭജന്‍ സിംഗിന്‌ കഴിഞ്ഞിരുന്നു.
ഹാമില്‍ട്ടണില്‍ കിവി സീമര്‍മാരെല്ലാം പരാജയമായിരുന്നു. പ്രധാന സീമറായ കൈല്‍ മില്‍സിന്‌ ഇന്ത്യന്‍ മുന്‍നിരയുടെ പ്രഹരശേഷിയെ തടയാനായില്ലെന്ന്‌ മാത്രമല്ല, ധാരാളം അടിയും വാങ്ങി. ഇന്ന്‌ മില്‍സിന്‌ പകരം സ്‌പിന്നര്‍ ജിതന്‍ പട്ടേലിനെ കളിപ്പിക്കുന്ന കാര്യം വെട്ടോരി ആലോചിക്കുന്നുണ്ട്‌. ക്രിസ്‌ മാര്‍ട്ടിന്‍, ഒബ്രിയാന്‍ എന്നി സീമര്‍മാര്‍ക്കും നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ടോസ്‌ നേടിയാല്‍ രാവിലെ ലഭിക്കുന്ന ആനുകൂല്യവും, പിച്ചിലെ പച്ചപ്പ്‌ നല്‍കുന്ന മുന്‍ത്തൂക്കവും ഉപയോഗപ്പെടുത്തുമെന്നാണ്‌ വെട്ടോരി പറയുന്നത്‌.
മാര്‍ട്ടിന്റെ വേഗതയും സ്വിംഗുമാണ്‌ ക്യാപ്‌റ്റന്‍ നോട്ടമിട്ടിരിക്കുന്നത്‌. അനുഭവ സമ്പത്തുളള മാര്‍ട്ടിന്‌ തുടക്കത്തില്‍ വിക്കറ്റ്‌്‌ ലഭിക്കാനായാല്‍ ആ താളത്തില്‍ പന്തെറിയാനാവും. ഇന്ത്യന്‍ മുന്‍നിരയുടെ പ്രഹരശേഷിയെ തളര്‍ത്താന്‍ ഏറ്റവും നല്ല ആയുധം വീരേന്ദര്‍ സേവാഗിനെ എളുപ്പം പുറത്താക്കുകയാണെന്ന സത്യം അദ്ദേഹം സമ്മതിക്കുന്നു. ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ സേവാഗ്‌ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായിട്ടും അത്‌ ഉപയോഗപ്പെടുത്താന്‍ ബൗളര്‍മാര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ടെസ്റ്റ്‌ ക്രിക്കറ്റില്‍ രണ്ട്‌ ട്രിപ്പിള്‍ സെഞ്ച്വറി സ്വന്തമാക്കിയ സേവാഗ്‌ ഇവിടെ മറ്റൊരു ട്രിപ്പിള്‍ ലക്ഷ്യമിടുന്നുണ്ട്‌. രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗാംഭീര്‍ എന്നിവരും ഫോമിലാണ്‌. പക്ഷേ തുടക്കത്തില്‍ സേവാഗ്‌ വീണാല്‍ അത്‌ ഇന്ത്യന്‍ സ്‌ക്കോറിംഗിനെ ബാധിക്കും. സേവാഗ്‌ ഫോമിലെത്തിയാല്‍ ഈ ടെസ്‌റ്റിനെ കുറിച്ചും ന്യൂസലാന്‍ഡിന്‌ പ്രതീക്ഷയുണ്ടാവില്ല. ബൗളിംഗില്‍ മാത്രമല്ല കിവി ബാറ്റിംഗിലും പ്രശ്‌നങ്ങളുണ്ട്‌. മുന്‍നിരക്കരായ മകിന്റോഷിനും റോസ്‌ ടെയ്‌ലര്‍ക്കും ഹാമില്‍ട്ടണില്‍ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജെസി റൈഡറും വെട്ടോരിയും മക്കുലവും മാത്രമാണ്‌ ബാറ്റിംഗില്‍ മികവ്‌ പ്രകടിപ്പിച്ചത്‌.
ആദ്യ ടെസ്റ്റ്‌ സ്വന്തമക്കാന്‍ കഴിഞ്ഞെങ്കിലും അലസത പ്രകടിപ്പിക്കില്ലെന്ന്‌ ധോണി പറഞ്ഞു. ടീമില്‍ കാര്യമായ മാറ്റമുണ്ടാവില്ല. 2000 ത്തിന്‌ ശേഷം ഇന്ത്യക്ക്‌ കൂടുതല്‍ വിദേശ വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. പക്ഷേ പരമ്പര നേട്ടത്തിന്‌ കഴിയാറില്ല. ആദ്യ ടെസ്‌റ്റില്‍ പലപ്പോഴും ജയിച്ചിട്ടും പരമ്പര നേട
ാന്‍ കഴിയാത്ത ടീം എന്ന അപഖ്യാതി മാറ്റാനും ശ്രമിക്കും. 2006-07 സീസണിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട്‌ നടന്ന രണ്ട്‌ ടെസ്റ്റുകളില്‍ പരാജിതരായി പരമ്പര തോറ്റു. ഈ അവസ്ഥ ആവര്‍ത്തിക്കില്ലെന്നാണ്‌ ധോണി പറയുന്നത്‌.
ഈ സീസണില്‍ തന്നെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌ എന്നിവരെ ഇന്ത്യ തോല്‍പ്പിച്ചത്‌ ആധികാരികമായിട്ടാണെന്നും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നുമാണ്‌ ക്യാപ്‌റ്റന്‍ വ്യക്തമാക്കുന്നത്‌. മല്‍സരം പുലര്‍ച്ചെ നാല്‌ മുതല്‍ സെറ്റ്‌ മാക്‌സില്‍.


ഉദ്‌ഘാടനം കേപ്‌ടൗണില്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഏപ്രില്‍ 18ന്‌ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പിന്റെ ഉദ്‌ഘാടന ചടങ്ങുകളും ആദ്യ മല്‍സരവും കേപ്‌ടൗണില്‍ നടക്കും. ഏപ്രില്‍ പത്തിന്‌ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ചാമ്പ്യന്‍ഷിപ്പ്‌ അവസാന നിമിഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ അധികാരികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ്‌ 18 ലേക്ക്‌ മാറ്റിയത്‌. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര അവസാനിക്കുന്നത്‌ ഏപ്രില്‍ 17 നാണ്‌. ഒരു രാജ്യാന്തര പരമ്പര നടക്കുമ്പോള്‍ ഐ.പി.എല്‍ തുടങ്ങുന്നത്‌ കാണികളുടെ വരവിനെ ബാധിക്കുമെന്ന ദക്ഷിണാഫ്രിക്കന്‍ നിര്‍ദ്ദേശം ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അംഗീകരിക്കുകായിരുന്നു.
കേപ്‌ടൗണിന്‌ പുറമെ ജോഹന്നാസ്‌ബര്‍ഗ്ഗ്‌, ഡര്‍ബന്‍, സെഞ്ചൂറിയന്‍, പോര്‍ട്ട്‌ എലിസബത്ത്‌, ഈസ്‌റ്റ്‌ ലണ്ടന്‍ എന്നിവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്‌ കളിക്കുമെന്നുറപ്പാണ്‌.
അഞ്ചാഴ്‌ച്ചയാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ ദീര്‍ഘിക്കുക. ആകെ 59 മല്‍സരങ്ങള്‍. മെയ്‌ 24 ന്‌ ഫൈനല്‍. എട്ട്‌ ടീമുകളില്‍ നിന്നായി നാന്നൂറോളം താരങ്ങളും ഒഫീഷ്യലുകളും ചാമ്പ്യന്‍ഷിപ്പിനെത്തും. ഇവര്‍ക്കായുള്ള വിസ, താമസ സൗകര്യങ്ങള്‍ ഒരുക്കാനുളള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചാമ്പ്യന്‍ഷിപ്പിന്‌ വാഗ്‌ദാനം ചെയ്‌തതായി മോഡി വ്യക്തമാക്കി. അനുകൂല കാലാവസ്ഥക്കൊപ്പം സര്‍ക്കാര്‍ നല്‍കിയ പിന്തുണയാണ്‌ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചത്‌. താരങ്ങളുടെയും ടീമിന്റെയും സുരക്ഷയാണ്‌ പ്രധാനം. ഈ കാര്യമാണ്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. താരങ്ങള്‍ക്കും മാച്ച്‌ ഒഫീഷ്യലുകള്‍ക്കമുളള വിസകള്‍ തടസ്സമില്ലാതെ നല്‍കുമെന്നും ഭരണക്കൂടം അറിയിച്ചിട്ടുണ്ട്‌. ഇംഗ്ലണ്ടില്‍ കാലാവസ്ഥയും ഭാരിച്ച ചെലവും മൈതാനങ്ങളുടെ അസൗകര്യവുമെല്ലാം തടസ്സമായിരുന്നെങ്കിലും ഇംഗ്ലീഷ്‌ സര്‍ക്കാരിന്‌ അവസാന നിമിഷത്തില്‍ ചാമ്പ്യന്‍ഷിപ്പിനോട്‌ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന്‌ മോഡി വെളിപ്പെടുത്തി. ജി-20 രാജ്യ തലവന്മാരുടെ ഉച്ചകോടി അടുത്തയാഴ്‌ച്ച ഇംഗ്ലണ്ടില്‍ നടക്കുന്നുണ്ട്‌. അതിന്‌ ശേഷം രാജ്യത്ത്‌ കാര്യമായ രാജ്യാന്തര പരിപാടികള്‍ ഇല്ലാത്തതിനാല്‍ സുരക്ഷാ കര്യത്തില്‍ ഭയപ്പെടാനില്ലായിരുന്നു. എന്നാല്‍ കാലാവസ്ഥയുടെ കാര്യത്തിലുളള അനിശ്ചിതത്വമാണ്‌ പ്രധാന തടസ്സമായി നിന്നത്‌.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ താരമായ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ ചാമ്പ്യന്‍ഷിപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടത്താനുളള തീരുമാനത്തെ സ്വാഗതം ചെയ്‌തു. എവിടെയാണെങ്കിലും ക്രിക്കറ്റ്‌ മുന്നോട്ട്‌ പോവണം. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരാണ്‌ ദക്ഷിണാഫ്രിക്കക്കാര്‍-അദ്ദേഹം പറഞ്ഞു. തുടക്കം മുതല്‍ ഇംഗ്ലണ്ടിനൊപ്പം നിന്നിരുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ ടീമിന്റെ ഉടമ വിജയ്‌ മല്ലിയ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌തു. താന്‍ ഇംഗ്ലണ്ടിനെ പിന്തുണക്കാന്‍ കാരണം ഇംഗ്ലീഷുകാരുടെ ക്രിക്കറ്റ്‌ സ്‌നേഹം അറിയുന്നത്‌ കൊണ്ടാണെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ കാലാവസ്ഥ പ്രശ്‌നമാണ്‌. ഇംഗ്ലണ്ടില്‍ വിമാനചെലവും യാത്രകളും എളുപ്പമാണ്‌. ഇന്ത്യയിലെ ഒരു വേദിയില്‍ നിന്നും അടുത്ത വേദിയിലേക്ക്‌ യാത്ര ചെയ്യാന്‍ മണിക്കൂറുകള്‍ വേണം. ഇംഗ്ലണ്ടില്‍ ആ പ്രശ്‌നമില്ലെന്നും മല്ലിയ പറഞ്ഞു.

രാഷ്ട്രീയമരുത്‌
ഐ.പി.എല്‍ മല്‍സരങ്ങള്‍ കടല്‍ കടക്കുന്നത്‌ വേദനാജനകമാണ്‌... ഇന്ത്യയുടെ സ്വന്തം ചാമ്പ്യന്‍ഷിപ്പ്‌ അതിന്റേതായ കരുത്തില്‍ ഇവിടെയാണ്‌ നടക്കുക. ഒരു വര്‍ഷം മുമ്പ്‌ അത്‌ കണ്ടതാണ്‌. പക്ഷേ ഇത്തവണ പ്രത്യേക സാഹചര്യങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ്‌ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റിയും നിര്‍ബന്ധിതരായിരിക്കുന്നു. പൊതു തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ ചാമ്പ്യന്‍ഷിപ്പിന്‌ സുരക്ഷ ഉറപ്പു നല്‍കാനാവില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ കടല്‍ കടക്കാന്‍ കാരണം. പക്ഷേ നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ ഈ നീക്കത്തില്‍ ചിലരെങ്കിലും രാഷ്‌ട്രീയം കാണുന്നു. അവരുടെ ലക്ഷ്യം വോട്ടാണ്‌. ക്രിക്കറ്റിലൂടെ വോട്ട്‌ തേടാനുള്ള നീക്കത്തിലെ പൊള്ളത്തരങ്ങള്‍ ആരായാലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ക്രിക്കറ്റെന്നാല്‍ ഇന്ന്‌ മല്‍സരങ്ങള്‍ മാത്രമല്ല-സുരക്ഷാ പ്രശ്‌നം കൂടിയായിരിക്കുന്നു. ലോകോത്തര താരങ്ങള്‍ കളിക്കുമ്പോള്‍ മല്‍സരങ്ങള്‍ക്കും വേദികള്‍ക്കും താരങ്ങള്‍ക്കും മതിയായ സുരക്ഷ ഉറപ്പ്‌ നല്‍കാനാവാത്തപക്ഷം അത്‌ രാജ്യാന്തര ബന്ധങ്ങളെ ബാധിക്കും. ഏറ്റവും നല്ല ഉദാഹരണമായി ലാഹോര്‍ നമുക്ക്‌ മുന്നിലുണ്ട്‌. ലാഹോര്‍ സംഭവത്തിലൂടെ പാക്കിസ്‌താന്‍ ഒറ്റപ്പെട്ടിരിക്കുന്നു. അത്തരം സംഭവങ്ങള്‍ ഐ.പി.എല്ലിനിടെ ഇവിടെ നടന്നാല്‍ അത്‌ ഇന്ത്യയെയും നമ്മുടെ മഹത്തായ പാരമ്പര്യത്തെയും ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ്‌ ആഭ്യന്തര മന്ത്രാലയം യുക്തമായ തീരുമാനമെടുത്തതും അത്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെ അറിയിച്ചതും. ക്രിക്കറ്റ്‌ ബോര്‍ഡിന്റെ അമരക്കാരനായ ശരത്‌ പവാര്‍ കേന്ദ്ര സര്‍ക്കാരിലെ പ്രമുഖനായതിനാല്‍ ഐ.പി.എല്‍ വിഷയത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കാണില്ല എന്നുറപ്പാണ്‌. മല്‍സര സുരക്ഷക്ക്‌ പ്രഥമ പരിഗണന നല്‍കിയാണ്‌ ആഭ്യന്തര മന്ത്രാലയം നീങ്ങിയത്‌. വിവിധ സംസ്ഥാന ഭരണക്കൂടങ്ങളുടെ ഇംഗീതവും തേടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്‌ നടക്കുന്ന തെരഞ്ഞെടുപ്പിന്‌ എല്ലാ സുരക്ഷയും ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണക്കൂടത്തിനുളളതിനാല്‍ ക്രിക്കറ്റിനെക്കാള്‍ രാജ്യത്തിന്റെ സുരക്ഷയെ കുറിച്ച്‌ അവര്‍ ആലോചിച്ചതില്‍ കുറ്റം പറയാനാവില്ല.
ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ഡല്‍ഹി ക്രിക്കറ്റിനെ നയിക്കുന്ന അരുണ്‍ ജെയ്‌റ്റിലിയുമെല്ലാം ഐ.പി.എല്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റിയതില്‍ വേദന പ്രകടിപ്പിക്കുന്നത്‌ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിനേക്കാള്‍ രാഷട്രീയ സ്‌പിരിറ്റിലാണ്‌.
രാജ്യാന്തര ക്രിക്കറ്റ്‌ കലണ്ടറില്‍ മാറ്റങ്ങള്‍ വരുത്തുക അസാധ്യമാണ്‌. അതിനാല്‍ ചാമ്പ്യന്‍ഷിപ്പ്‌ തിയ്യതികള്‍ വലുതായി മാറ്റാനും കഴിയില്ല. ഈ സാഹചര്യത്തിലെ വേദി മാറ്റത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡോ, സര്‍ക്കാരോ കുറ്റക്കാരല്ല. അന്തിമമായി ക്രിക്കറ്റാണ്‌ വിജയി.... എവിടെയായാലും ക്രിക്കറ്റ്‌ വിജയകരമായി നടക്കട്ടെ...

ബിസി
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ലോക കായിക രംഗത്തിന്റെ ആസ്ഥാനമാവുകയാണ്‌ ദക്ഷിണാഫ്രിക്ക....ലോകകപ്പ്‌ ഫുട്‌ബോള്‍ അടുത്ത വര്‍ഷം നടക്കുന്നത്‌ ദക്ഷിണാഫ്രിക്കയിലാണ്‌. ഇതാദ്യമായാണ്‌ ഒരു ആഫ്രിക്കന്‍ രാജ്യത്തില്‍ ലോകകപ്പ്‌ ഫുട്‌ബോള്‍ നടക്കാന്‍ പോവുന്നത്‌. ലോകകപ്പിന്‌ മുന്നൊരുക്കമായി കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഈ വര്‍ഷം നടക്കുന്നു. ഫുട്‌ബോളിനെ കൂടാതെ ത്രിരാഷ്‌ട്ര റഗ്‌ബി പരമ്പര ഉടന്‍ തുടങ്ങുകയാണ്‌. ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷം ഏകദിന പരമ്പര തുടങ്ങുന്നു. അതിനിടെയാണ്‌ ഇപ്പോള്‍ അപ്രതീക്ഷിതമായി ഐ.പി.എല്‍ മഹാമാമാങ്കം ലഭിച്ചരിക്കുന്നത്‌. ഒട്ടും പ്രതീക്ഷിക്കാതെയാണ്‌ ഐ.പി.എല്‍ വേദിയായി ദക്ഷിണാഫ്രിക്ക തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. ഏപ്രില്‍ 18 മുതല്‍ ചാമ്പ്യന്‍ഷിപ്പിന്‌ കൊടി ഉയരുമ്പോള്‍ ക്രിക്കറ്റ്‌ ലോകത്തെ ചര്‍ച്ചകളില്‍ ദക്ഷിണാഫ്രിക്ക മാത്രമായിരിക്കും.
ഐ.പി.എല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നതില്‍ ഏറ്റവും സന്തോഷം ഗ്രയീം സ്‌മിത്തിനും ഡാലെ സ്റ്റെനിനുമാണ്‌. തന്റെ ചെറുപ്പകാലത്ത്‌ ദക്ഷിണാഫ്രിക്കക്കാരന്‌ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന്‌ സ്റ്റെന്‍ പറയുന്നു. മല്‍സരങ്ങള്‍ക്ക്‌ ടെലിവിഷന്‍ കവറേജ്‌ കുറവായിരുന്നു. എന്നാല്‍ ഇന്ന്‌ എല്ലാം തല്‍സമയം ആസ്വദിക്കാന്‍ പുതിയ തലമുറക്ക്‌ കഴിയുന്നു. ഐ.പി.എല്‍ മല്‍സരങ്ങളിലൂടെ തന്റെ തലമുറയിലെ കൂട്ടുകാര്‍ക്ക്‌ ക്രിക്കറ്റിന്റെ പുതിയ രൂപം തല്‍സമയം ആസ്വദിക്കാന്‍ കഴിയുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമാണ്‌ സ്‌റ്റെന്‍. രാഹുല്‍ ദ്രാവിഡ്‌, കെവിന്‍ പീറ്റേഴ്‌സണ്‍ തുടങ്ങിയ കരുത്തര്‍ ടീമിലുണ്ട്‌.
ബൗള്‍ഡ്‌
കൊല്‍ക്കത്ത: ഷാറൂഖ്‌ ഖാന്റെ ഉടമസ്ഥതയിലുളള, ജോണ്‍ ബുക്കാനന്‍ മുഖ്യ പരിശീലകനായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമിന്റെ സ്ഥിരം അമരക്കാരനായി ഇനി സൗരവ്‌ ഗാംഗുലിക്ക്‌ തുടരാനാവില്ല. ടീമിന്‌ സ്ഥിരം നായകനുണ്ടാവില്ല എന്ന്‌ ഇന്നലെ ബുക്കാനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്‌ സൗരവ്‌ ഗാംഗുലിയെ തന്നെ സാക്ഷിയാക്കിയാണ്‌..! ടീമിന്റെ ഭാവിക്കായി നാലോ, അഞ്ചോ നായകര്‍ ടീമിന്‌ ഉണ്ടാവുമെന്നാണ്‌ ബുക്കാനന്‍ പറഞ്ഞത്‌. ഇതെല്ലാം കേട്ട്‌ അല്‍പ്പം നിരാശയോടെ ഇരുന്ന സൗരവിനോട്‌ മാധ്യമ പ്രവര്‍ത്തകര്‍ നിരാശയുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി നല്‍കിയില്ല. പകരം പ്രതികരിച്ച ബുക്കാനന്‍ സൗരവിന്‌ നിരാശയുണ്ടാവുമെന്നും അദ്ദേഹം കൊല്‍ക്കത്തയുടെ രാജകുമാരനല്ലേ എന്നും ചോദിക്കുകയായിരുന്നു. ടീമിന്റെ കോച്ച്‌ ബുക്കാനനാണെന്നും അദ്ദേഹത്തിനാണ്‌ തീരുമാനത്തിന്‌ അധികാരമെന്നും എല്ലാവരും നന്നായി കളിക്കുകയാണ്‌ പ്രധാനമെന്നും ഗാംഗുലി പറഞ്ഞു. ഗാംഗുലിയുടെ നേതൃപാടവത്തിലുളള സംശയം കൊണ്ടല്ല അദ്ദേഹത്തെ സ്ഥിരം നായകനാക്കാത്തതെന്ന്‌ ബുക്കാനന്‍ വ്യക്തമാക്കി. സൗരവ്‌ ഓള്‍റൗണ്ടറാണ്‌. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലുമെല്ലാം ശ്രദ്ധിക്കേണ്ടി വരും. ഒരു നായകനാവുമ്പോള്‍ ഇതെല്ലാം ഭാരമാവും. 20-20 ക്രിക്കറ്റില്‍ എല്ലാം പെട്ടെന്നായിരിക്കും. സൗരവിന്റെ അനുഭവ സമ്പത്തും നിര്‍ദ്ദേശങ്ങളും ടീമിന്‌ ആവശ്യമാണ്‌. ക്യാപ്‌റ്റനും കോച്ചും തമ്മില്‍ ആശയവിനിമയത്തില്‍ തടസ്സങ്ങള്‍ പാടില്ല. സൗരവിന്റെ അഭിപ്രായത്തിനും ഗെയിലിന്റെ അഭിപ്രായത്തിനും മക്കുലത്തിന്റെ അഭിപ്രായത്തിനുമെല്ലാം കാതോര്‍ക്കണം. എല്ലാം പ്രധാനമാണ്‌. സൗരവ്‌ ആദ്യ ഇലവനിലുണ്ടാവുമോ എന്നത്‌ ഇപ്പോഴത്തെ ചോദ്യമല്ല. മല്‍സരത്തിനായി തയ്യാറെടുക്കണം. അതാണ്‌ പ്രധാനം. വേദികള്‍ അറിയണം. എതിരാളികളെ അറിയണം-കോച്ച്‌ വ്യക്തമാക്കി.

No comments: